"പൂവിളി പൂവിളി പൊന്നോണമായി .....
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ ....."
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ ....."
റേഡിയോയില്‍ ഈ പാട്ടു കേട്ടപ്പോള്‍ ആണ് ഓണത്തിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണ്ടേ എന്ന് ഞാന്‍ ആലോചിച്ചത്. ഇന്നു ശരിക്കും ഓണം ആഘോഷിക്കുന്നത് പത്ര-മാദ്ധ്യമങ്ങളും, ടിവി ചാനലുകളും, റേഡിയോ ചാനലുകളുമാണ്. സെലിബ്രിറ്റീസൊക്കെ അവരുടെ ഓണ ഓര്‍മ്മകള്‍ അതിലൂടെ പറയുമ്പോള്‍ നമുക്കു നമ്മുടെ ഈ ബ്ലോഗ് ഉണ്ടല്ലോ എല്ലാം വിവരിക്കാന്‍.
ഞാനും വിവരിക്കട്ടെ എന്റെ ഓണവിശേഷങ്ങള്‍ ....
ഓണം എനിക്ക് എന്നും നല്ല ഓര്‍മ്മകള്‍ മാത്രം തരുന്നതായിരുന്നില്ല..
ഓണക്കോടി കിട്ടാത്ത ഓണം ....
ഓണ സദ്യ സമാധാനത്തോടെ കഴിക്കാന്‍ പറ്റാത്ത ഓണം ......
കൂട്ടുകാരോടൊപ്പം മനസ്സു തുറന്നു സന്തോഷിച്ചു ഉല്ലസിക്കാനാവാത്ത ഓണം ....
എങ്കിലും കുറച്ചു വര്‍ഷങ്ങളായി ഓണത്തിന്റെ നല്ല ഓര്‍മ്മകള്‍ എനിക്ക് കിട്ടുന്നുണ്ട്. അത് ആസ്വദിക്കുന്ന സമയത്തു ഞാന്‍ ആലോചിക്കാറുണ്ട്....ഇതു പോലും കിട്ടാത്ത കുട്ടികള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടല്ലോന്ന്...
മദ്യപന്മാര്‍ ദിവസവും കൂടി വരികയാണെന്ന് തോന്നും, നമ്മുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ...
ഇതില്‍ ഒരു മുപ്പതു ശതമാനം ആളുകള്‍ കുടിച്ചു നിശബ്ദരായിരിക്കുമ്പോള്‍ ബാക്കി വരുന്ന ആളുകള്‍ക്ക് വീട്ടില്‍ എങ്ങനെ കലാപം ഉണ്ടാക്കാം എന്നതാണെന്ന് തോന്നുന്നു ചിന്ത ......
എനിക്കും ഉണ്ടായിരുന്നത് അങ്ങനെ ഒരു ബാല്യമാണ്. ഓണത്തിന്റെ സദ്യ കഴിഞ്ഞു പുറത്തു പോകുന്ന അച്ഛനെ കാത്തിരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി...അവള്‍ക്കറിയാം അച്ഛന്‍ രാവിലെ തരുന്ന സന്തോഷം രാത്രി എല്ലാവരേം കരയിപ്പിക്കുമെന്നു....പട്ടിണി ആണെങ്കിലും, മനസമാധാനം ഉണ്ടല്ലോ എന്ന് പോലും ആശിക്കാനാകാതെ ദാരിദ്ര്യവും ദുരിതവും ആയി കഴിഞ്ഞിരുന്ന ആ നാളുകൾ....അതിന് ഒരു ദിവസത്തെ പോലും ഇടവേളകള്‍ ഇല്ലായിരുന്നു....എല്ലാ ദിവസവും കരച്ചിലും ബഹളങ്ങളും അതിനിടയിലെ പട്ടിണിയും.......
ഓണത്തിനെക്കുറിച്ച് നല്ലതുമാത്രം എഴുതിയാല്‍പ്പോരേ എന്റെ ഈ പോസ്റ്റില്‍ എന്ന് ആലോചിച്ചു...പക്ഷെ മുഴുവന്‍ സന്തോഷം നൽകുന്ന ഓണാനുഭവങ്ങള്‍ വളരെ കുറവാണ് എനിക്ക്.....ചെറിയ സന്തോഷങ്ങള്‍ക്കിടയിലും കരച്ചില്‍ ഇല്ലാതെ എന്ത് ഓണം...അച്ഛന്‍ എല്ലാ ദിവസത്തെക്കാളും അധികം അന്ന് കുടിക്കുന്നതുകൊണ്ട് ഞങ്ങളുടെ കരച്ചിലും അന്ന് കൂടുതലായിരുന്നു.
പക്ഷെ ഇന്നു വലിയ സമൃദ്ധിയില്‍ അല്ലെങ്കിലും ഓണം മനസ്സമാധാനത്തോടെ ആഘോഷിക്കാന്‍ പറ്റുന്നുണ്ട്. എന്നാലും ഓരോ ഓണത്തിനും പഴയ കാര്യങ്ങള്‍ പറഞ്ഞു കരയുന്ന അമ്മ ഇന്നും
എന്നെ വേദനിപ്പിക്കുന്നു....ചേട്ടന്‍ ഇല്ലാത്ത രണ്ടാമത്തെ ഓണം...ഇക്കൊല്ലം ഓണാഘോഷം ഇല്ല. വെല്ലിച്ഛന്റെ മകന്റെ അകാലനിര്യാണം വേദനിപ്പിക്കുന്ന ഓര്‍മയായി നില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ ഒന്നും ഇല്ല .. പാപ്പന്റെ മരണത്തിനുശേഷം ഞാന്‍ പൂക്കളം ഇടാതിരിക്കുന്ന ഒരു ഓണം കൂടി ആണ് ഇത് ...ഓണത്തിന്റെ സൌഭാഗ്യങ്ങള്‍ ഒന്നും കുട്ടിക്കാലത്ത് കിട്ടാത്ത ഞാന്‍ ഇന്ന് ഓണം എങ്ങനെയെങ്കിലും മനോഹരമാക്കി നല്ല
ഓര്‍മ്മകള്‍ എന്റെ ഇളം തലമുറകള്‍ക്ക് നല്‍കാന്‍ ശ്രമിക്കാറുണ്ട് അവര്‍ക്കെങ്കിലും നല്ല ഓണത്തിന്റെ ഓര്‍മ്മകള്‍ ഉണ്ടാകട്ടെ ആ നല്ല ബാല്യത്തിന്റെ ഓർമ്മകൾ അവരെ എന്നും സന്തോഷിപ്പിക്കുന്നതാകട്ടെ എന്നൊക്കെയാണ് എന്റെ പ്രാർത്ഥന...
പിന്നെ, ഇത്രേം കാര്യങ്ങളൊക്കെ പറഞ്ഞു ബോറടിപ്പിച്ചോ ഞാന്‍.....?
എനിക്കുമുണ്ട് സന്തോഷം തന്നിരുന്ന ഓര്‍മ്മകള്‍....തിരുവോണത്തിന് കളമിടാന്‍ ഉത്രാടത്തലേന്ന് പൂ പറിക്കാന്‍ പിള്ളേര്‍ സെറ്റിനേം കൂട്ടി റോഡ് സൈഡിലെ കാടും പടലയിലും കയറി കോളാമ്പി പൂവും, പിന്നെ അരിപ്പൂവെന്നു വിളിക്കുന്ന ഈടമിക്യയും, വീട്ടിലെ പൂന്തോട്ടത്തിലെ ഉണ്ട മല്ലിയും, ചെട്ടിചിയും, പറമ്പിലെ കൃഷ്ണകിരീടവും, തൊട്ടാവാടിപ്പൂവും, തുമ്പക്കുടവും പറിച്ചു അപ്പുറത്തെ വീട്ടിലെ നബീസ്‌താത്ത ഉണ്ടാക്കി തന്ന പൂത്തൊട്ടിയില്‍ നിറച്ച് ചേച്ചിക്ക് കൊണ്ടു കൊടുക്കും. ചേച്ചിയും ഞാനും ചേട്ടനും വെളുപ്പിന് എണീറ്റ് കൊള്ളാവുന്ന ഒരു പൂക്കളം ഇടും. പിന്നെ അമ്മ ഉണ്ടാക്കുന്ന അടയില്‍ വെച്ച് ചേട്ടന്‍ ഓണം കൊള്ളും. “തൃക്കാക്കര അപ്പൊ പടിക്കലും വായോ,ഞാനിട്ട പൂക്കളം കാണാനും വായോ, കല്ലിലും മുള്ളിലും ചവിട്ടാതെ വായോ പോയ് പോയ് പോയ്”- ഇതായിരുന്നു ഓണം കൊള്ളല്‍ പാട്ട്. അത് പാടിക്കഴിഞ്ഞു ഞങ്ങള്‍ ചിരിച്ചു ചിരിച്ചു അവശരാകും. ഓരോരുത്തരും ഓരോ ഡോസ് കൂട്ടിയാണ് പാടൽ. അത് ഞങ്ങളെ ചിരിപ്പിക്കാനാണ്.... (ഇപ്പോള്‍ അതിന്റെ എക്സ്‌പേർട്ട് പാപ്പന്റെ മകന്‍ ചാന്ജു ആണ്.അവന്‍ ചിരിപ്പിച്ചു കൊല്ലും...). അമ്മ തയ്യാറാക്കുന്ന സ്വാദുള്ള കുഞ്ഞു സദ്യ ...(പൂക്കളത്തിലെ ധാരാളിത്തം സദ്യക്കുണ്ടാവാറില്ല). എന്നാലും അക്കാലത്ത് അത് നല്ല സദ്യ തന്നെ ആയിരുന്നു....
അതുകഴിഞ്ഞ് ഉച്ച തിരിഞ്ഞു തറവാട്ടിലേക്ക് പോകും. അവിടെ പൂക്കളം ഉണ്ടാകാറില്ല. വലിയ അഞ്ചാറു തട്ടുള്ള ചുമന്ന ഒരു (തൃക്കാക്കരയപ്പന്‍ ആണെന്ന് അമ്മൂമ്മ പറഞ്ഞു. ഞങ്ങളുടെ വീട്ടിലെ പൂക്കളത്തില്‍ വെക്കുന്നത് നീളത്തിലുള്ള തൃക്കാക്കരയപ്പന്‍ ആണ്) കളമാണ്. അതിന് ചുറ്റും ചെങ്കല്ല് വെള്ളം തളിച്ച് കുറെ ചെത്തിപ്പൂക്കളും ചെമ്പരത്തിപ്പൂക്കളും തുമ്പക്കുടവും പരത്തി ഇടും. ഞങ്ങളുടെ കളം മഴ ഒലിപ്പിച്ച് കളയാതിരിക്കാന്‍ കുട വയ്ക്കും. തറവാട്ടില്‍ അവര്‍ കളത്തിനു ചുറ്റും ഓലകെട്ടി മേഞ്ഞിട്ടുണ്ടാകും. അവിടെ ഞങ്ങള്‍ നീലന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലയില്‍ മത്സരിച്ചു ആടും ...അന്ന് കുറെ മാവ് ഉണ്ടായിരുന്നു,തറവാട്ടിൽ. പ്രിയൂര്‍ മാവ്,പുളിയന്‍ മാവ് ,കര്‍പ്പൂരവള്ളി , നീലന്‍ മാവ് , പിന്നെ വലിയ പുളിമരം.... ഇപ്പോള്‍ ആകെ രണ്ടു മാവേ ഉള്ളൂ. നീലന്‍ മാവും കർപ്പൂരവള്ളിയും.
പാപ്പന്‍ മരിച്ചപ്പോള്‍ ഇളയമ്മയുടെ വീട്ടുകാര്‍ ഒരാളെ കൊണ്ട് പ്രശ്നം വെപ്പിച്ചു ആ മരങ്ങളൊക്കെ വെട്ടിച്ച് കളഞ്ഞു. തെക്ക് വശത്ത് പുളി മരം പാടില്ലത്രേ(അയാളൊരു തട്ടിപ്പ് വീരന്‍ ആണെന്ന് പിന്നെ ഞാന്‍ കേട്ടു). പാവം എന്‍റെ പുളി മരം...അത് പോയപ്പോള്‍ വലിയ സങ്കടം ആയിരുന്നു. എനിക്കും അമ്മയ്ക്കും അച്ഛനും എന്തോ.., വല്ലാത്ത ഒരിഷ്ടം ആയിരുന്നു ആ വലിയ പുളിമരത്തോട്. മാവും പുളിയും ഒക്കെ പോയതോടെ രണ്ടു പ്ലാവുകള്‍ കൂടി കായ്ക്കാതെയായി. അതിപ്പോള്‍ ഉണങ്ങി നശിച്ചു. അത് മാത്രം ബാക്കി വച്ചിരിക്കുന്നത് എന്തിനാണാവോ ? പണ്ടത്തെപ്പോലെ മാവിലും മാങ്ങ തീരെ ഇല്ല ...എനിക്ക് തോന്നുന്നു പ്രകൃതി എല്ലാം അറിഞ്ഞു പെരുമാറിത്തുടങ്ങിയിരിക്കുന്നു എന്ന്...
തറവാട്ടിൽ നിന്നു ചായയും ഉപ്പേരിയും കഴിച്ചു തിരിച്ച് വീട്ടിലേക്ക് വരും. ഇതായിരുന്നു എന്റെ ബാല്യകാലത്തിലെ ഓണങ്ങള്‍ ....ഇന്നിപ്പോള്‍ ഒറ്റക്കാണ് എന്റെ ഓണം. പൂ പറിക്കാന്‍ ആരുമില്ല കൂടെ. പൂക്കളം ഇടാൻ ചേച്ചിയും ചേട്ടനും ആരുമില്ല. ഉപ്പേരി വറുക്കാനും സദ്യക്കും അച്ഛനും അമ്മേം മാത്രം ഉണ്ട് കൂടെ ....ഇക്കൊല്ലം ഓണം ആഘോഷിക്കുന്നില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ട കായ ഉപ്പേരി ഞാന്‍ ഉണ്ടാക്കിച്ചിട്ടുണ്ട്.
ഇത്രേം ഒക്കെ ഉള്ളു ഓണ വിശേഷങ്ങള്‍ .......എല്ലാ ബ്ലോഗേഴ്സിനും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
(ഓണത്തിന് മുന്പ് പോസ്റ്റ് ഇടണം എന്ന് കരുതിയതാണ്. തിരക്ക് മൂലം വൈകിപ്പോയി..ക്ഷമിയ്ക്കുക..)